Nadamel Church

നടമേല്‍ മര്‍ത്തമറിയം യാക്കോബായ സുറിയാനിപ്പള്ളിയും പൂര്‍വ്വസ്മരണകളും

 

കൊച്ചിരാജ്യത്തിന്‍റെ തലസ്ഥാനമായി ഒരു കാലത്ത് പ്രസിദ്ധിയാര്‍ജ്ജിച്ച ശ്രീ. പൂര്‍ണ്ണത്രയീശ നഗരമാണ് ഇപ്പോഴത്തെ തൃപ്പൂണിത്തുറ. ഈ തൃപ്പൂണിത്തുറ പട്ടണത്തിന്‍റെ മദ്ധ്യഭാഗത്ത് സര്‍വ്വൈശ്യര്യദായിയായി നിലകൊള്ളുന്ന ദേവാലയമാണ് നടമേല്‍ മര്‍ത്തമറിയം യാക്കോബായ സുറിയാനിപ്പള്ളി.

ഏകദേശം ഒരു നാഴിക ദൂരം കിഴക്ക് സ്ഥിതി ചെയ്യുന്ന കരിങ്ങാച്ചിറ സെന്‍റ് ജോര്‍ജ്ജ് പള്ളിയില്‍ നിന്നും ഇടവക പിരിഞ്ഞു പോന്നവരില്‍ മാളിയേക്കല്‍ മാത്തിരി ആണ് മുന്‍കൈ എടുത്ത് എ.ഡി. 1175 ല്‍ ഈ പള്ളി സ്ഥാപിച്ചത്. വാളം തുരുത്തിയില്‍ രാമന്‍ ഭട്ടതിരി, അദ്ദേഹത്തിന്‍റെ ഇല്ലത്തെ വേദനിപ്പിച്ചുകൊണ്ടിരുന്ന ഒരു തീരാരോഗത്തില്‍ നിന്നും വിശുദ്ധ ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയാല്‍ മുക്തി പ്രാപിച്ചു. ആയതിന്‍റെ നന്ദിസൂചകമായി പള്ളി പണിയാനുള്ള സ്ഥലം ദാനം ചെയ്തതാണെന്ന് പഴമക്കാര്‍ പറയുന്നു. ഈ കുടുംബം അന്യം നിന്നു പോകുന്നതുവരേയും മകരം 15 ന് (ഇപ്പോഴത്തെ ജനുവരി 15 ന്) ഈ പള്ളിയില്‍ നടത്തപ്പെടുന്ന പ്രധാന പെരുന്നാള്‍ ദിവസം ദീപാര്‍പ്പണത്തിന് ഒരു ചോതന വെളിച്ചെണ്ണ പള്ളിയ്ക്ക് വഴിപാടായി നല്‍കുന്ന പതിവുണ്ടായിരുന്നു.

ആദ്യകാലം മുതലേ നടമേല്‍ പള്ളിയും ഇടവകാംഗങ്ങളും കൊച്ചി രാജകുടുംബവുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിപ്പോന്നിരുന്നു. രാജ ഭക്തിയിലും രാജ്യകാര്യങ്ങളിലും ഇവിടെയുള്ള ക്രിസ്ത്യാനികള്‍ വളരെ മുന്‍പന്തിയിലായിരുന്നു. കോഴിക്കോട്ട് സാമൂതിരിയുമായുണ്ടായ യുദ്ധത്തില്‍ ഇടവകയിലെ പ്രബുദ്ധരായ നസ്രാണികള്‍ ശത്രുക്കള്‍ക്ക് എതിരെ നിറയുറപ്പിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ ശ്രീ. പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ അഗ്നി ബാധിച്ചപ്പോള്‍ നടമേല്‍ പള്ളിയില്‍ കൂട്ടമണി അടിച്ച് ഇടവകാംഗങ്ങളെ വിളിച്ചുകൂട്ടി. സ്വയം രക്ഷപോലും നോക്കാതെ ക്രിസ്ത്യാനികള്‍ അഗ്നി കെടുത്തി അന്തരീക്ഷം ശാന്തമാക്കുകയുണ്ടായി. ആയതിന്റെ ഓര്‍മ്മയ്ക്കായി വര്‍ഷം തോറും തുലാമാസം 9 ന് അമ്പലം കത്തിയ ഉത്സവമായി ക്ഷേത്രം ആചരിച്ചുവരുന്നു. ഒരു രാജാവ് പുതിയതായി സ്ഥാനമേല്‍ക്കുമ്പോള്‍ (തീപ്പെട്ട മഹാരാജാവ് നാടുനീങ്ങിയതിന്‍റെ 11-‍‍ ദിവസം) അദ്ദേഹത്തിന്റെ സന്നിധിയില്‍ “ശര്‍ക്കരത്തട്ട് വയ്പ്” എന്ന ഉപഹാരം അര്‍പ്പിച്ചു വന്നിരുന്ന ഒരു മഹനീയ പാരമ്പര്യം നിലവിലുണ്ടായിരുന്നു. ഇത് തീപ്പെട്ടുപോയ മഹാരാജാവിനു വേണ്ടി ചെയ്യുന്ന ഒരു അടിയന്തിര സംഭാവനയായും കൂടി പരിഗണിയ്ക്കപ്പെട്ടിരുന്നു. ഈ ഉപഹാരം സ്വീകരിച്ച് പ്രത്യുപഹാരമായി ഈ പള്ളിയിലേക്ക് “ഇരുപത്തിഒന്നരയും കോപ്പും” കല്പിച്ചു നല്‍കിയിരുന്നു. ഇവിടത്തെ ക്രിസ്ത്യാനികള്‍ക്ക് പ്രത്യേകമായി ഒരു കമ്പോളം തന്നെ രാജ്യകാര്യത്തില്‍ നിന്നും കല്പിച്ച് അനുവദിച്ചുതന്നിരുന്നു.

രാജകീയ കലാസൗകുമാര്യത്തിന്‍റെ പ്രത്യക്ഷോദാഹരണമായ നടമേല്‍ പള്ളിയും പള്ളി ബംഗ്ലാവും വിദേശികളെ കൂടി ആകര്‍ഷിക്കുന്നവയാണ്. അതാത് കാലത്ത് ഭരണം കൈയേല്‍ക്കുന്ന കൊച്ചി രാജാക്കന്മാരും മലങ്കര മെത്രാപ്പോലീത്തമാരും ഈ പള്ളിമേടയില്‍ വെച്ച് കൂടികാഴ്ചകള്‍ നടത്തുകയും മെത്രാന്മാര്‍ രാജാക്കന്മാരെ ആശീര്‍വദിക്കുകയും ചെയ്തിരുന്നു. കൊച്ചി രാജ്യമഹാരാജക്കന്മാര്‍ക്ക് ക്രിസ്ത്യാനികളോട് പൊതുവേയും നടമേല്‍ പള്ളി അംഗങ്ങളോട് പ്രത്യേകിച്ചും  ഒരു സ്‌നേഹവും വാത്സല്യവും ഉണ്ടായിരുന്നു. 1949 ആഗസ്റ്റ് മാസം 1-ാം തീയതി ആലുവായിലെ വലിയ മെത്രാപ്പോലീത്ത പൗലോസ് മാര്‍ അത്താ നാസ്യോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിലും കൊച്ചി ഭദ്രാസന മെത്രാപ്പോലീത്താ പൗലോസ് മാര്‍ സേവേറിയോസ് തിരുമേനിയുടെ സാന്നിദ്ധയത്തിലും അനേകം വൈദീകരുടെയും വമ്പിച്ച ജനാവലിയുടെയും സഹകരണത്തിലും ശ്രീരാമവര്‍മ്മ പരിക്ഷത്ത് രാജാവ് തിരുമനസ്സിലെക്ക് ഈ പള്ളി അങ്കണത്തില്‍ നല്‍കപ്പെട്ട സ്വീകരണവും അതേ തുടര്‍ന്ന് തിരുമനസ്സുകൊണ്ട് കല്പിച്ച് പള്ളിയ്ക്ക് സമര്‍പ്പിച്ച മംഗളപത്രവും സ്മരണീയമാണ്. അന്ന് അഭിവന്ദ്യ മെത്രാപ്പോലീത്തമാരോട് മഹാരാജാവ് പ്രസ്താവിച്ച ഉദ്ധരണികള്‍ എടുത്തു പറയേണ്ടതാണ്. കൊച്ചി രാജകുടുംബവും സുറിയാനി ക്രിസ്ത്യാനികളും ഉറ്റ മിത്രങ്ങളാണ്. ആ സൗഹൃദം എന്നും നിലനില്‍ക്കും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രാജ്യരക്ഷയേയും രാജകുടുംബത്തിന്‍റെ നന്മയേയും മുന്‍നിര്‍ത്തി കഷ്ടനഷ്ടങ്ങളെ വിസ്മരിച്ച് ആപല്‍മിത്രങ്ങളായി വര്‍ത്തിച്ച നിങ്ങളുടെ പൂര്‍വ്വികന്മാരുടെ മഹാത്യാഗങ്ങളുടെ പാവനസ്മരണ നിലനിന്നുകാണ്മാന്‍ നിങ്ങളോടൊപ്പം ഞാനും ആഗ്രഹിക്കുന്നു.

എ.ഡി. 325-ല്‍ നിഖ്യായില് കൂടിയ പരിശുദ്ധ പൊതുസുന്നഹദോസിന്‍ നിശ്ചയപ്രകാരം, ഇന്‍ഡ്യയിലെ ക്രൈസ്തവസഭ, അന്ത്യോഖ്യാ സിംഹാസനത്തിന്‍റെ അധികാരത്തിന്‍ കീഴില്‍ ഉള്‍പ്പെട്ടിരുന്നു. അന്ത്യോഖ്യാ സിംഹാസനത്തില്‍ നിന്നും കല്പിച്ച് അയച്ചിട്ടുള്ള പരിശുദ്ധപിതാക്കന്മാരെയും കല്പനകളേയും മലങ്കരയിലെ ക്രൈസ്തവര്‍ ആദരിച്ചും അനുസരിച്ചും പോന്നിരുന്നു. എന്നാല്‍ ഇന്‍ഡ്യയില്‍ വ്യാപരത്തിനു വന്ന പോര്‍ട്ടുഗീസ്കാര്‍, കാലാന്തരത്തില്‍, രാജ്യകാര്യങ്ങളിലേയ്ക്കും മതപരിവര്‍ത്തനത്തിലേയ്ക്കും തിരിഞ്ഞു. ഇതിനോടനുബന്ധിച്ച് പല മിഷനറിമാര്‍ മലങ്കരയിലേക്കും വന്നു. എ.ഡി. 1599-ല്‍ അലക്സ് ഡി. മെനസ്സിസ്സ് എന്ന ഗോവന്‍ ആര്ച്ച് ബിഷപ്പ് മലങ്കരയില്‍ എത്തി ഇവിടെ ഉണ്ടായിരുന്ന ക്രിസ്ത്യാനികളെ റോമിലെ പോപ്പിന്‍റെ അധികാരത്തിന്‍ കീഴില്‍ ആക്കുവാന്‍ ശ്രമിച്ചു. അതിനുവേണ്ടി വന്‍തുകകളും പൊന്നും നല്കി രാജാക്കന്മാരെ അനുനയിപ്പിച്ചും അധികാരികള്‍ക്ക് കോഴ കൊടുത്ത് വശത്താക്കിയും ക്രിസ്ത്യാനികളെ പ്രലോഭിപ്പിച്ചും പോന്നു. ഇതേ തുടര്‍ന്ന് പള്ളികളില്‍ വ്യവഹാരങ്ങളും പിളര്പ്പും വര്‍ദ്ധിച്ചപ്പോള് ശാബോന്‍ എന്നും അഫ്രോത്ത് എന്നും പേരായ രണ്ട് വന്ദ്യ പിതാക്കന്മാരാല്‍ ഡെയിംബര്‍യില്‍‍ (ഇന്നത്തെ ഉദയംപേരൂര്‍) സ്ഥാപിച്ച പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് അലക്സ് ഡി മെനസ്സിസ്സിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗ (1599-ലെ ഉദയംപേരൂര്‍ സുന്നഹദോസ്) ത്തില്‍ വച്ച് മലങ്കരയിലെ ക്രൈസ്തവര്‍ റോമന് വിശ്വാസ്കളെന്നും അന്ത്യോഖ്യാ വിശ്വാസികള്‍ എന്നും (പഴയകുറ്റുകാര് എന്നും പുതിയ കുറ്റുകാര് എന്നും) രണ്ടായി പിരിഞ്ഞു. ഇതിനകം രാജ്യ കാര്യങ്ങളില്‍ ആധിപത്യം നേടിയ പോര്‍ട്ടുഗീസ് കമ്പനി അധികാരികളില്‍ നിന്നും അന്ത്യോഖ്യാ വിശ്വാസികളായ ക്രിസ്ത്യാനികള്‍ക്ക് മറ്റൊരു പീഢനം കൂടി അനുഭവിക്കേണ്ടിവന്നു. എ.ഡി. 1653-ല്‍ അന്ത്യോഖ്യാ സിംഹാസനത്തില്‍ നിന്നും മലങ്കരയിലേയ്ക്ക് എഴുന്നുള്ളിയ ഇഗ്ന്യാത്തിയോസ് അഹത്തള്ള ബാവയെ സ്വീകരിക്കുവാന്‍, തോമ അര്‍ക്കദിയാക്കോന്‍റെ നേതൃത്വത്തില്‍ കൊച്ചിയില്‍ എത്തിയ 25000- ത്തോളം വരുന്ന അന്ത്യോഖ്യാ വിശ്വാസികള്‍ കേട്ടത് “പോര്‍ട്ടുഗീസ് അധികാരികള്‍ ബാവായെ കടലില്‍ കെട്ടി താഴ്ത്തി”. ഇതില്‍ ദുഃഖാര്‍ത്ഥരായ നമ്മുടെ പൂര്‍വ്വികര്‍ മട്ടാഞ്ചേരിയില്‍ ഇന്നു കാണപ്പെടുന്ന കല്‍ക്കുരിശിന്മേല്‍ ആലാത്തികെട്ടി അതില്‍ പിടിച്ചുകൊണ്ട് “ദൈവം സാക്ഷിയായി, റോമാ സഭയുമായി മേലില്‍ ഒരു ഇടപാടും ഇല്ലെന്നും ഞങ്ങളും ഞങ്ങളുടെ സന്തതി പരന്പരകളും ഉള്ളിടത്തോളം കാലം അന്ത്യോഖ്യായെ മറക്കില്ല എന്നു സത്യം ചെയ്തിട്ടുള്ളതാണ്.”

എ.ഡി.1653 മകരം 3-ാം തീയതി വെള്ളിയാഴ്ച ചെയ്യപ്പെട്ട സുപ്രസിദ്ധ കൂനന്‍ കുരിശുസത്യം. തൃപ്പൂണിത്തുറ നടമേല്‍ പള്ളിയിലെ വലിയൊരു വിഭാഗം ഇടവകാംഗങ്ങള്‍ ഈ കുനന്‍ കുരിശു സത്യത്തില്‍ പങ്കെടുത്തതായി ചരിത്ര രേഖകള്‍ വെളിപ്പെടുത്തുന്നു. മലങ്കരയിലെ പള്ളികളിലെ പിളര്‍പ്പും വ്യവഹാരങ്ങളും ഈ ഇടവകയേയും ബാധിക്കുകയും തല്‍ഫലമായി ഇടവകയിലെ റോമാവിശ്വാസികളായ 100 കുടുംബക്കാര്‍ അവരുടെ അവകാശമായി 26621 പുത്തന്‍ (1386 രൂപ 55 പൈ) റൊക്കം വാങ്ങി കൊല്ലവര്‍ഷം 999-ല്‍ പിരിഞ്ഞു പോയി സ്ഥാപിച്ചതാണ് ഇപ്പോഴത്തെ സെന്‍റ് മേരീസ് ഫെറോനപ്പള്ളി.

ഏകദേശം നാലായിരത്തോളം വരുന്ന നടമേല്‍ പള്ളി ഇടവകാംഗങ്ങള്‍ കാക്കനാട്, തുതിയൂര്‍, പുത്തന്‍കുരിശ്, കടുംഗമംഗലം, കാഞ്ഞിരമറ്റം, പെരുമ്പിള്ളി, മുളന്തുരുത്തി, തിരുവാങ്കുളം, കരിങ്ങാച്ചിറ, പുതിയകാവ്, കുരീക്കാട്, മേക്കര, തൃപ്പൂണിത്തുറ, എരൂര്‍ എന്നീ വിവിധ ഭാഗങ്ങളില്‍താമസിച്ചു വരുന്നു. അഭിവന്ദ്യ മൂക്കഞ്ചേരില്‍ ഗീവര്‍ഗ്ഗീസ് റമ്പാച്ചന്‍റെ കാലശേഷം തൃപ്പൂണിത്തുറ നടമേല്‍ പള്ളിയ്ക്ക് ലഭിച്ച റെമ്പാന്‍കുന്നില്‍ പള്ളി കാര്യത്തില്‍ നിന്നും മാര്‍ ഗീവര്‍ഗ്ഗീസ് സഹദായുടെ നാമത്തില്‍ ചാപ്പല്‍ പണിയുകയും അതിന് “ഉയിര്‍ത്തെഴുന്നേല്ക്കപ്പെട്ട ആലയം” എന്ന അര്‍ത്ഥത്തില്‍ ക്യംത ചാപ്പല്‍ എന്ന് അഭിവന്ദ്യ പൌലോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത നാമകരണം ചെയ്യുകയും 1956 ഡിസംബര്‍ 9-ാം തീയതി മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് ആദ്യവിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും ചെയ്തു തുടര്‍ന്ന് എല്ലാ മാസവും ആദ്യ ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച് ആദ്യകാല വികാരിയായി സേവനം അനുഷ്ഠിച്ചു പോന്നത് കര്‍തൃസന്നിധിയിലേയ്ക്ക് വിളിയ്ക്കപ്പെട്ട പട്ടശ്ശേരില്‍ സ്ലീബാ കോറെപ്പിസ്ക്കോപ്പ ആയിരുന്നു. പികാലങ്ങളില്‍ കൊച്ചി ഭദ്രാസനത്തിന്‍റെ ആസ്ഥാനമായി ഉപയോഗിക്കേണ്ടതിലേയ്ക്ക് പ്രസ്തുത സ്ഥലവും ദേവാലയവും ചില വ്യവസ്ഥകളോടെ ഭദ്രാസനാധിപനായിരുന്ന തോമസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായെ പള്ളികാര്യത്തില്‍ നിന്നും ഏല്പിച്ചു.

 

എരൂര്‍ ഭാഗത്തെ ഇടവകാംഗങ്ങള്‍, ഈ ഇടവകയിലെ കരപ്പിള്ളില്‍ തോമസ് മകന്‍ പത്രോസ് എന്ന വ്യക്തി, വിശുദ്ധ മാതാവിന്‍റെ നാമത്തില്‍ വഴിപാടായി നല്കിയ സ്ഥലത്ത് സെന്‍റ് മേരീസ് ജാക്കോബായ സിറിയന്‍ ചാപ്പല്‍ എന്ന നാമത്തില്‍ ഒരു ദേവാലയം പണിതു. അന്ന് കൊച്ചി ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്താ യായിരുന്ന ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രീഗോറിയോസ് തിരുമനസ്സുകൊണ്ട് 1974 ഡിസംബര്‍ 26-ാം തീയതി വിശുദ്ധ മൂറോന്‍ കൂദാശ നടത്തി തദ്ദേശവാസികളായ ഇടവകാംഗങ്ങളുടെ സൌകര്യാര്‍ത്ഥം ദൈവീക ആരാധന നടത്തിവരുന്നു. കര്‍ത്തൃസന്നിധിയിലേയ്ക്ക് വിളിയ്ക്കപ്പെട്ട വെണ്ട്രപ്പിള്ളില്‍ ജോസഫ് കശ്ശീശ ആയിരുന്നു ഈ ദേവാലയത്തില്‍ ആദ്യകാല വികാരിയായി സേവനം അനുഷ്ഠിച്ചുവന്നത്.

1958 ജൂണ്‍ 1-ാം തീയതി കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന പൌലോസ് മാര്‍ സേവേറിയോസ് തിരുമനസ്സുകൊണ്ട് പരിശുദ്ധനായ മാര്‍കൌമയുടെ തിരുശേഷിപ്പ് പള്ളിയുടെ വടക്കു ഭാഗത്തായി പ്രത്യേകം നിര്‍മ്മിച്ച മുറിയില്‍ സ്ഥാപിച്ചു. പരിശുദ്ധ അന്ത്യോഖ്യ പാത്രിയര്‍ക്കീസ് ബാവായാല്‍ കൊച്ചി ഭദ്രാസനാധിപനായ ജോസഫ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയ്ക്ക് നല്‍കപ്പെട്ട ദൈവമാതാവിന്‍റെ വി. സൂനോറൊ, നിയുക്ത കാതോലിക്ക ആയിരുന്ന നി.വ.ദി.ശ്രീ. തോമസ് മാര്‍ ദിവാന്നാസിയോസ് തിരുമനസ്സുകൊണ്ട് 2001 ജനുവരി 14 തീയതി പള്ളി അകത്ത് അതി മനോഹരമായി പണി തീര്‍ത്ത ഒരു പേടകത്തില്‍സ്ഥാപിച്ചു. പള്ളിയുടെ പടിഞ്ഞാറ് ദിശയില്‍ 1939-ല്‍ മാര്‍ അത്താനാസ്യോസ് തിരുമേനിയാല്‍ പരിശുദ്ധനായ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ കൂദാശ ചെയ്യപ്പെട്ട കുരിശിന്‍ തൊട്ടി പുതുക്കി പണിയുകയും 1999 ജനുവരി 12 ന് തോമസ് മാര്‍ ദിവന്നാസിയോസ് തിരുമേനിയാല്‍ പുനഃപ്രതിഷ്ഠ നടത്തി കൂദാശ ചെയ്യപ്പെടുകയും ചെയ്തു.

പള്ളിയുടെ കിഴക്ക് ദിശയില്‍ ചാത്താരി ഭാഗത്ത് വടക്കേടത്ത് വി. എ തോമസിന്‍റെ കുടുംബം, ദൈവമാതാവിന് വഴിപാടായി നല്കിയ സ്ഥലത്ത്, മനോഹരമായി ഒരു കുരിശുപള്ളി സ്ഥാപിച്ചു. കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തായും സിനഡ് സെക്രട്ടറിയുമായ ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്തായാല്‍ 2002 ഏപ്രില്‍ 21 ന് വിശുദ്ധ ദൈവമാതാവിന്‍റെ നാമത്തില്‍ കൂദാശ ചെയ്യപ്പെട്ടു. എല്ലാമാസം 2-ാം ശനിയാഴ്ച ഇവിടെ ധൂപാര്‍പ്പണം നടത്തിവരുന്നു. കാലം ചെയ്ത അഭിവന്ദ്യ മൂക്കഞ്ചേരില്‍ പത്രോസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത, വന്ദ്യ ഗീവര്‍ഗ്ഗീസ് റന്പാച്ചന്‍, ഡബ്ളിയു. സി.സി. പ്രസിഡന്‍റും, കോട്ടയം പഴയ സെമിനാരി പ്രസിഡന്‍റും ആയിരുന്ന ഓര്‍ത്തഡോക്സ് സഭയുടെ കാലം ചെയ്ത പൌലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത, വിദ്യാഭ്യാസരംഗത്തെ സുത്യര്‍ഹമായ സേവനത്തിന് ഇന്‍ഡ്യന്‍ പ്രസിഡന്‍റിന്‍റെ പക്കല്‍നിന്നും മെഡല്‍ വാങ്ങിയ പട്ടശ്ശേരില്‍ സ്ലീബ കോറെപ്പിസ്ക്കോപ്പ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന കളരിക്കല്‍ റവ. ഫാ. ഏലിയാസ് അച്ചന്‍ തുടങ്ങിയവര്‍ ഈ പള്ളി ഇടവകാംഗങ്ങളാണ്. ഇംഗ്ലണ്ടിലെ ബര്‍മിങ്ങ് ഹാം സെല്ലിഓക് കോളേജുകള്‍, ഏഷ്യാ ഭൂഖണ്ഡത്തിന് ഏര്പ്പെടുത്തിയിട്ടുള്ള വില്യം പേറ്റര്‍ ഫെല്ലോഷിപ്പിന് 1997-ല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം ഇംഗ്ലണ്ട്, അമേരിക്ക, ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ തിയോളിജി ക്കല്‍ റിസര്‍ച്ച് സ്ഥാപനങ്ങളില്‍ വിസിറ്റിങ്ങ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുന്നു. മതപരമായി നടത്തപ്പെടുന്ന അഖില ലോക കോണ്‍ഫ്രന്‍സുകളില്‍ ഏഷ്യയെ പ്രതിനിധീകരിക്കാറുണ്ട്.

പുരാതന കാലം മുതലേ അന്ത്യോഖ്യാ വിശ്വാസത്തില്‍ ഉറച്ചു നില്ക്കുന്നവരാണ് നടമേല് പള്ളി ഇടവകാംഗങ്ങള്‍. വന്ദ്യ പിതാക്കന്മാരെ യഥോചിതം സ്വീകരിക്കുകയും സ്നേഹാദരവോടെ ബഹുമാനിക്കുകയും പതിവായിരുന്നു. 1670-ല്‍ വടക്കന്‍ പറവൂര്‍ പള്ളിയില്‍ കബറടങ്ങിയ അബ്ദുള്‍ ഗലീല്‍ മാര്‍ ഗ്രിഗോറിയോസ് ബാവ, 1685-ല്‍ കോതമംഗലം പള്ളിയില്‍ കബറടങ്ങിയ യല്‍ദോമാര് ബസ്സേലിയോസ് ബാവയോടൊപ്പം മലങ്കരയില്‍ എത്തിയ മാര്‍ ഇവാനിയോസ് ബാവ, 1764-ല്‍ മുളന്തുരുത്തി പള്ളിയില്‍ കബറടങ്ങിയ മാര്‍ ഗ്രീഗോറിയോസ് യൂഹാനോന്‍ ബാവ, 1764-ല്‍ കണ്ടനാട് പള്ളിയില്‍ കബറടങ്ങിയ ശക്രള്ള മാര്‍ ബസ്സേലിയോസ് ബാവ, 1876-ല്‍ മലങ്കരയില്‍ എഴുന്നള്ളി റോമാസഭയുടെ പറങ്കി പാതിരിമാരില് നിന്നും ഈസ്റ്റ് ഇന്‍ഡ്യ കമ്പനി അധികാരികളുടെ തണലില്‍ യൂറോപ്യന്‍ മിഷണറിമാര്‍ നടത്തിവന്ന സഭാ നവീകരണ പ്രവണതകളില്‍ നിന്നും പരിശുദ്ധ സുറിയാനി സഭയെ പരിപാലിച്ചും അതിന് സുസ്ഥിരമായ ഒരു ഭരണ സംവിധാനം ക്രമീകരിച്ചു നല്കിയ പരിശുദ്ധ പത്രോസ് പാത്രിയര്‍ക്കീസ് ബാവ, 1894-ല്‍ മുളന്തുരുത്തി പള്ളിയില്‍ കബറടങ്ങിയ യൂയാക്കിം മാര്‍ കൂറിലോസ് ബാവ തുടങ്ങി അന്ത്യോഖ്യാ സിംഹാസനത്തില്‍ നിന്നും മലങ്കരയില്‍ എഴുന്നള്ളിയ പിതാക്കന്മാരും ഈ ദേവാലയം സന്ദര്‍ശിച്ചിട്ടുണ്ട്. മലങ്കരയിലെ വന്ദ്യമെത്രാപ്പോലീത്തമാരില്‍ ഭൂരിഭാഗം പേരും ഈ ഇടവകയുടെ ആതിഥ്യം സ്വീകരിച്ചും വി. കുര്‍ബ്ബാന അര്‍പ്പിച്ചും ഇടവകാംഗങ്ങളെ ആശീര്‍വദിച്ച് അനുഗ്രഹിച്ചിട്ടുള്ളവരാണ്. 1982-ല്‍ മലങ്കര സന്ദര്‍ശിച്ച ഇപ്പോഴത്തെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസായ പരിശുദ്ധ ഇഗ്നാത്തിയോസ് സഖ പ്രഥമന്‍ ഐവാസ് ബാവായെ സമുചിതമായി സ്വീകരിക്കുന്നതിനും പരിചരിക്കുന്നതിനും അദ്ദേഹം അര്‍പ്പിച്ച വി. കുര്‍ബ്ബാന മുഖാന്തിരം അനുഗ്രഹ ആശിര്‍വാദം നേടുന്നതിന് ഭാഗ്യം ലഭിച്ചതും ഇടവകാംഗങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു.

18 വയസ്സ് തികഞ്ഞ ഇടവകയിലെ എല്ലാ പുരുഷന്മാരേയും ഉള്‍പ്പെടുത്തി രഹസ്യ വോട്ടെടുപ്പിലെ തെരഞ്ഞെടുക്കുന്ന 12 അംഗ മാനേജിംഗ് കമ്മറ്റിയാണ് പള്ളിയുടെ ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്. ഇടവകയുടെ ഭൌതികവും ആത്മീയവുമായ ഉണര്‍വ്വിനും പുരോഗതിയ്ക്കും ഉതകുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടവകയില്‍ 12 ഫാമിലി സര്‍ക്കിളുകള്‍ രൂപികരിച്ച് പ്രവര്‍ത്തിച്ചുവരുന്നു. ഇവിടെ വിശുദ്ധ ദൈവമാതാവിന്‍റെ നാമത്തിലുള്ള സണ്ടേസ്കൂളില്‍ ഇരുനൂറില്‍ താഴെ വിദ്യാര്‍ത്ഥികള്‍ ബൈബിള്‍ പഠനം നടത്തുന്നു. കൂടാതെ യൂത്ത് അസ്സോസിയേഷന്‍ ബാലിക സമാജം, മര്‍ത്തമറിയം വനിതാ സമാജം, അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി എന്നീ ഭക്തസംഘനകള്‍ പ്രവര്‍ത്തിച്ചു വരുന്നു. കൂടാതെ പള്ളിവക ഒരു കമ്മൂണിറ്റി ഹാള്‍ എല്ലാവിധ സൌകര്യങ്ങളോടുകൂടി ലഭ്യമാണ്. 2001 മുതല്‍ ദേശവാസികളായ നാനാജാതി മതസ്ഥരുടെ കുഞ്ഞുങ്ങളുടെ താല്പര്യവും സുരക്ഷിത്വവും കണക്കിലെടുത്ത് നാമമാത്രമായ ഫീസ് ഈടാക്കി ഒരു പ്ലേസ്കൂളും ഡേകെയര്‍ സെന്‍ററും പള്ളിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു.

തൃപ്പൂണിത്തുറ രാജവീഥിയില്‍, കിഴക്കേക്കോട്ട ജംഗ്ഷനു സമീപം പ്രൌഢഗംഭീരതയോടെ ഉയര്‍ന്നു നില്ക്കുന്ന ഈ പുണ്യ ദേവാലയം രോഗങ്ങള്‍ മൂലവും മനസ്വസ്തത ഇല്ലാതെയും അലയുന്ന അശരണരായ നാനാ ജാതി സമുദായത്തില്‍പ്പെട്ട മനുഷ്യര്‍ക്ക് അത്താണിയും അഭയ കേന്ദ്രവും ആണ്. പ്രഭാതം മുതല്‍ പ്രദോഷം വരെ ദൈവ മാതാവിന്‍റെ മഹാ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ടു വരുന്നവരെ സാന്ത്വനപ്പെടുത്തി ആശ്വാസവും അനുഗ്രഹവും നല്കി വരുന്ന സത്യം അനേകായിരങ്ങള്‍ അനുഭവിച്ച് ഉള്‍ക്കൊണ്ടു വരുന്നു. വിശുദ്ധ ദൈവമാതാവിന്‍റെ മദ്ധ്യസ്ഥതയിലൂടെ ക്രിസ്തീയ ജീവിതത്തിന് വേണ്ട കൃപയും പ്രചോദനവും പകര്‍ന്ന്, യേശുക്രിസ്തുവിന്‍റെ മക്കളായി തീരുവാന്‍ നമ്മെ അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന ഈ പരിശുദ്ധ ദേവാലയം എന്നാളും ദേശത്തിന് അനുഗ്രഹവും അഭിമാനവുമായി നിലനില്‍ക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

പൌലോസ് അബ്രാഹം

ചേലപ്പറമ്പില്‍